Wednesday, October 8, 2014

വിശുദ്ധന്‍ - വി. ഫ്രാന്‍സീസ് അസീസി (1181-1226)



വിശുദ്ധന്‍ - വി. ഫ്രാന്‍സീസ് അസീസി (1181-1226)
''ഫ്രാന്‍സീസ് അസീസിയെപ്പോലെ ഒരു ഡസന്‍ ആളുകളെങ്കിലും റഷ്യയിലുണ്ടായിരുന്നെങ്കില്‍ റഷ്യ എന്നേ മാനസാന്തരപ്പെടുമായിരു ന്നു.'' കമ്യൂണിസ്റ്റ് നേതാവും റഷ്യന്‍ വിക്ഷവത്തിന്റെ ഉപജ്ഞാതാവുമായ വ്ലാഡിമിര്‍ ലെനിന്‍ പറഞ്ഞ വാക്കുകളാണിത്. ക്രൈസ്തവ വിശ്വാസികള്‍ മാത്രമല്ല, മറ്റു മതക്കാരും നിരീശ്വരവാദികളും വരെ അംഗീകരിച്ച വിശുദ്ധിയുടെ ഉടമയായിരുന്നു ഫ്രാന്‍സീസ് അസീസി. യേശുവിനെ പോലെ ജനിച്ച്, യേശുവിനെപ്പോലെ ജീവിച്ച വി. ഫ്രാന്‍സീസ് അസീസി വിശുദ്ധരില്‍ വിശുദ്ധനായിരുന്നു.
അതിസമ്പന്നനായ ഒരു വസ്ത്രവ്യാപാരിയുടെ മകനായിരുന്നു ഫ്രാന്‍സീസ്. ഇറ്റലിയിലെ ഉമ്പ്രിയയ്ക്കടുത്തുള്ള അസീസി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ഫ്രാന്‍സീസിന്റെ അമ്മ യേശുവിന്റെ അടിയുറച്ച വിശ്വാസിയായിരുന്നു. പ്രസവസമയമടുത്തപ്പോള്‍ അവര്‍ ഒരു കാലി ത്തൊഴുത്തില്‍ പോകുകയും അവിടെവച്ച് ഫ്രാന്‍സീസിനെ പ്രസവിക്കുകയും ചെയ്തു. തന്റെ മകനെ യേശുവിന്റെ യഥാര്‍ഥ അനുയായി ആക്കണമെന്ന് ആ അമ്മ ആഗ്രഹിച്ചിരിക്കും.
അക്കാലത്ത് ലഭിക്കാവുന്ന മികച്ച വിദ്യാഭ്യാസം തന്നെ ഫ്രാന്‍സീസിന്റെ പിതാവ് അവനു നല്‍കി. പിന്നീട് പിതാവിനൊപ്പം വ്യാപാരത്തില്‍ പങ്കാളിയായ ഫ്രാന്‍സീസ് തന്റെ യൌവനകാലത്ത് ദരിദ്രരോട് ഒരു അനുകമ്പയും കാണിച്ചിരുന്നില്ല. പിതാവ് അവനെ പഠിപ്പിച്ചിരുന്നതും അങ്ങനെയാ യിരുന്നു. അക്കാലത്ത് ഫ്രാന്‍സീസിനു സൈനികപരിശീലനം കിട്ടുകയും അദ്ദേഹം സൈനികനായി ജോലി ആരംഭിക്കുകയും ചെയ്തു. അസീസിയും പെറുഗിയയുമായുള്ള യുദ്ധത്തിനിടയ്ക്ക് അദ്ദേഹം തടവുകാരനായി പിടിക്കപ്പെട്ടു.
ഒരു വര്‍ഷത്തെ ജയില്‍വാസമാണ് ഫ്രാന്‍സീസ് അസീസിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ജയിലില്‍ ഏകനായി ഇരുന്ന് പ്രാര്‍ഥിക്കവേ, ഫ്രാന്‍സീസിന് യേശുവിന്റെ ദര്‍ശനം ഉണ്ടായി. ജയില്‍മോചിതനായി തിരികെ എത്തിയതോടെ അദ്ദേഹം പുതിയൊരു ജീവിതത്തിനു തുടക്കമിട്ടു.
സുവിശേഷങ്ങള്‍ അനുസരിച്ച് അദ്ദേഹം ജീവിച്ചു. യേശുനാഥനെ ജീവിതമാതൃകയാക്കി. ആര്‍ഭാട മുള്ള വേഷങ്ങള്‍ ഉപേക്ഷിച്ചു. വഴിയില്‍ കാണുന്ന കുഷ്ഠരോഗികളെ അദ്ദേഹം ആശ്ലേഷിക്കുമായിരുന്നു. കുഷ്ഠരോഗികളെ അവജ്ഞതയോടെ കണ്ടിരുന്ന കാലമായിരുന്നു അതെന്ന് ഒാര്‍ക്കണം. ഭിക്ഷയാചിച്ചു ആരും തുണയില്ലാതെ നടക്കുന്ന ഒരു കുഷ്ഠരോഗിയെ ആശ്ലേഷിക്കുമ്പോള്‍ വി. കുര്‍ബാന സ്വീകരിക്കുന്ന അനുഭൂതിയാണെന്ന് അദ്ദേഹം പറയുമായിരുന്നു. ആശുപത്രികള്‍ സന്ദര്‍ശിച്ച് അദ്ദേഹം രോഗികളെ ആശ്വസിപ്പിച്ചു. അവര്‍ക്ക് പണം നല്‍കി. കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം കൊടുത്തയച്ചു.
താന്‍ അദ്ധ്വാനിച്ചു സമ്പാദിക്കുന്ന പണം ഫ്രാന്‍സീസ് സാധുക്കള്‍ക്ക് വെറുതെ നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ പിതാവ് അസ്വസ്ഥനായിരുന്നു. ഒരു ദിവസം ഫ്രാന്‍സീസ് ഒരു സ്വപ്നം കണ്ടു. വി. പീറ്റര്‍ ഡേമിയന്റെ നാമത്തിലുള്ള ദേവാലയം കേടുവന്നു നശിക്കുന്നുവെന്നായിരുന്നു ആ സ്വപ്നം. വീട്ടില്‍ നിന്നു പണമെടുത്ത് പിറ്റേന്ന് തന്നെ അദ്ദേഹം ദേവാലയത്തിലെത്തി സംഭാവന നല്‍കി. അതോടെ ഫ്രാന്‍സീസിന്റെ പിതാവ് നിയന്ത്രണം വിട്ട് അദ്ദേഹത്തെ മര്‍ദ്ദിച്ചു; വീട്ടിലിട്ട് പൂട്ടി. മെത്രാന്റെയടുത്ത് പോയി ഫ്രാന്‍സീസിനെ കുറിച്ച് പരാതി പറയുകയും ചെയ്തു.
പിതാവിന്റെ എതിര്‍പ്പ് ശക്തമായപ്പോള്‍ വീടും സ്വത്തും പ്രതാപവും ഉപേക്ഷിച്ച് അദ്ദേഹം തെരുവിലേക്കിറങ്ങി. കുടുംബസ്വത്തും തന്റെ പേരിലുള്ള പണവും പിതാവ് യഥേഷ്ടം ഉപയോഗിച്ചു കൊള്ളട്ടെ എന്ന് മെത്രാനച്ചന് എഴുതിക്കൊടുത്തശേഷമായിരുന്നു അത്. 'സ്വര്‍ഗസ്ഥനായ എന്റെ പിതാവേ..' എന്നു വിളിക്കാന്‍ താന്‍കൂടുതല്‍ യോഗ്യനായി എന്നായിരുന്നു ഫ്രാന്‍സീസ് ആ സംഭവത്തിനുശേഷം പറഞ്ഞത്.
ഫ്രാന്‍സീസിന്റെ ജീവിതവും ഭക്തിയും ദര്‍ശനങ്ങളും വളരെ വേഗത്തില്‍ ജനങ്ങളിലേക്കെത്തി. നിരവധി പേര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായി. പല സ്ഥലങ്ങളിലും സന്യാസസമൂഹങ്ങള്‍ക്ക് അദ്ദേഹം രൂപം കൊടുത്തു. ഫ്രാന്‍സിസ്ക്കന്‍ സഭ എന്ന പേരില്‍ ലോകം മുഴുവന്‍ ആ സന്യാസ സമൂഹം വളര്‍ന്നു. വിശുദ്ധയായ അസീസിയിലെ ക്ളാര അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളായിരുന്നു. ക്ളാരയുടെ വിശ്വാസജീവിതത്തെ നേര്‍വഴിക്കു തിരിച്ചു വിട്ടത് വിശുദ്ധ ഫ്രാന്‍സീസ് അസീസിയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെയാണു ക്ളാര ദൈവസ്നേഹത്തിന്റെ ആഴങ്ങള്‍ തൊട്ടറിഞ്ഞത്. തന്റെ സംശയങ്ങള്‍ അവള്‍ അദ്ദേഹത്തോട് ചോദിച്ചു. യേശുവിന്റെ നാമത്തില്‍ ആഴത്തിലുള്ള സൌഹൃദമായി ഇതു വളര്‍ന്നു. ഫ്രാന്‍സീസ് അസീസിയുമായുള്ള ആത്മബന്ധം ഫ്രാന്‍സീഷ്യന്‍, ക്ളാര സമൂഹങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്നതിനു കാരണമായി. എവിടെയൊക്കെ ഫ്രാന്‍സീഷ്യന്‍ സഭ ഉണ്ടായോ അവിടെയൊക്കെ ക്ളാരസമൂഹവും ഉണ്ടായിരുന്നു.
ദൈവത്തെ സ്തുതിക്കുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 'എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണമേ..' എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനാഗീതം വളരെ പ്രസിദ്ധമാണ്. (പ്രാര്‍ഥനയില്‍ നിന്നൊരു ഭാഗം താഴെ വായിക്കുക)
1224ല്‍ ഒരു മലയുടെ മുകളില്‍ ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുവിന്റെ ശരീരത്തിലെ തിരുമുറി വുകള്‍ ഫ്രാന്‍സീസിന്റെ ശരീരത്തിലുമുണ്ടായി. ആ പഞ്ചക്ഷതങ്ങളില്‍ നിന്നു രക്തം പ്രവഹിച്ചു. പിന്നീട് അദ്ദേഹം ജീവിച്ച രണ്ടുവര്‍ഷക്കാലം ഇടയ്ക്കിടെ പഞ്ചക്ഷതങ്ങള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. 1226 ലാണ് ഫ്രാന്‍സീസ് അസീസി മരിക്കുന്നത്. വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ പോപ് ഗ്രിഗറി ഒന്‍പതാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
പ്രാര്‍ഥന:
എന്റെ ദൈവമേ..
എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ...
എവിടെ ശത്രുതയുണ്ടോ അവിടെ സ്നേഹം ചൊരിയാന്‍ എനിക്കു സാധിക്കട്ടെ...
എവിടെ മുറിവുകളുണ്ടോ അവിടെയെല്ലാം മരുന്നായി ഞാനെത്തട്ടെ...
എവിടെ അവിശ്വാസമുണ്ടോ അവിടെ ഞാന്‍ വിശ്വാസദീപം തെളിക്കട്ടെ..
എവിടെ ഇരുള്‍മൂടിയ ഹൃദയങ്ങളുണ്ടോ, അവിടെ ഞാന്‍ വെളി,മാകട്ടെ.
ആമേന്‍

No comments:

Post a Comment